Sunday, November 27, 2016

ബാല്യം
  പൂക്കളെ പ്രണയിച്ചു.
 പൂമ്പാറ്റകള്‍ക്ക് പിറകിലോടി.
 വഴിമരങ്ങളില്‍ തണലുതേടി.
 കൗമാരം
  ചങ്ങാതിമാരെ ചങ്കിലേറ്റി.
 പുസ്തകങ്ങളില്‍ വെളിച്ചം പകര്‍ന്നു.
 കാമുകിയെ കണ്ണും കരളുമാക്കിമാറ്റി.
 യൗവ്വനം
 വിപ്ളവത്തിലായിരുന്നു.
 ബന്ധനങ്ങളില്‍ ബന്ദിയാക്കപ്പെട്ടു.
 ജീവിതം തലയ്ക്കുമുകളില്‍ ഭാരമായി നിലയുറച്ചു.
 വാര്‍ധക്യം
  തിരിച്ചറിവായി.
 കൂടെ നിന്നവര്‍ കൂടുതേടി പോയി.
 തനിച്ചാക്കപ്പെട്ടു ഒറ്റപ്പെട്ടു.
 ഇനി മടങ്ങാം.
 യൗവ്വനത്തിന്റെ പാതയിലൂടെ
 കൗമാരത്തെ നോക്കിക്കണ്ട്
 ബാല്യത്തെ വിസ്മരിച്ച്
 ഒടുവില്‍ ഒരിറ്റു കണ്ണീര്‍ പൊടിച്ച്
 മണ്ണിന്‍ മടിയില്‍ മരിക്കാത്ത സ്വപ്നങ്ങളുമായി.

പുഴുവായി പിറന്നു നീ..
ലോകം അത്ഭുതമായിരുന്നു.ചുറ്റുമുള്ളതിന് തന്നേക്കാള്‍ ഭംഗിയുണ്ടായിരുന്നു.നീ സ്വയം വെറുത്തു.
നിന്റെ വളര്‍ച്ച നീ അറിഞ്ഞിരുന്നില്ല.ചിറക്മുളച്ചപ്പോള്‍ പറക്കാനൊരുങ്ങി.അപ്പോഴും സ്വയമൊന്ന് കാണാന്‍ മനസുകൊടുത്തില്ല.പൂക്കളുടെ ഭംഗി തേടി നീ പറന്നു.അവയിലെ മധുരം നീ നുകര്‍ന്നു.വണ്ടുകളിലെ ഭംഗി പോലും നിന്നെ അസൂയപ്പെടുത്തി.മറ്റുള്ളവര്‍ക്ക് മുന്നില്‍ തന്റേടിയായി.ഒരിക്കല്‍ ആ പൂവുപറഞ്ഞു.'എന്താണ് നീ സ്വയം  തിരിച്ചറിയാത്തതെന്ന്'തന്നിലെ പുഴുരൂപത്തെ കാണാന്‍ നീ തയ്യാറായിരുന്നില്ല.എങ്കിലും അന്നാ പുഴയില്‍ സ്വയമൊന്ന് നോക്കി.നിനക്ക് ഇന്ന് മറ്റെന്തിനെക്കാളും ഭംഗിയുണ്ടായിരിക്കുന്നു.പക്ഷേ വളരെ വൈകിയിരിക്കുന്നു.
നിന്റെ ചിറകുകള്‍ തളര്‍ന്ന് തുടങ്ങിയിരിക്കുന്നു.
അവ ഇനി നിന്റെ കൂടെയില്ല.
നിനക്കിനി മരിക്കാം വീണ്ടുമാ പുഴുരൂപത്തില്‍
പിറന്ന മണ്ണില്‍ നഷ്ടബോധങ്ങളെ കൂട്ടുപിടിച്ച്
ഒരു പാഴ് ജന്മമായിക്കൊണ്ട്.

           

Saturday, November 26, 2016

പുറകോട്ട് ഒരു യാത്ര പോകണം,ബാല്യത്തിലേക്ക്.തണുത്തുറഞ്ഞ നിലാവുപെയ്യുന്ന ആ രാത്രി അച്ഛന്റെ കയ്യില്‍ തൂങ്ങി കാവിലേക്ക് പോകണം.അവിടെ ഭയത്തോടെ ഞാന്‍ നോക്കിനിന്ന തെയ്യം മുഖത്തെഴുത്ത് ഇന്ന് അത്ഭുതത്തോടെ ആസ്വദിക്കണം.കൂട്ടുകാരുടെ കൂടെ ആലിന്റെ വേരുകളില്‍ ഊഞ്ഞാലാടണം.ബലൂണുകച്ചവടക്കാരന്റെ കണ്ണുവെട്ടിച്ച് ബലൂണ്‍ കല്ലെറിഞ്ഞ് പൊട്ടിക്കണം.അയാള്‍ കാണുമ്പോള്‍ ഓടി ആള്‍കൂട്ടത്തില്‍ മറയണം.ചെണ്ടയില്‍ കോലുവീഴുമ്പോഴുള്ള ഓരോ ശബ്‌ദവും ഒന്നുപോലും വിടാതെ ഇത്തവണ ഒപ്പിയെടുക്കണം.വീരന്‍തെയ്യത്തിന്റെ പുറകില്‍ ചങ്കുപൊട്ടും വരെ കൂകികൊണ്ട് ഓടണം.ഒടുവില്‍ അന്നുരാത്രി അച്ഛനേം കെട്ടിപിടിച്ച് ആലിന്‍ തറയില്‍ കിടന്നുറങ്ങുകയും വേണം.

Friday, November 18, 2016

അന്ന് ആ മരം പൂക്കള്‍ പൊഴിച്ചിരുന്നു..വസന്തം ഇലകളെ തലോടിയിരുന്നു..കാലം വാര്‍ധക്യമാണ് അത് ചില്ലകളെ തളര്‍ത്തി വേരുകളില്‍ ജരാനര നല്‍കി ഇന്ന് അത്കരിഞ്ഞുണങ്ങിയ ഒരു വിറക് വൃക്ഷമായി മാറിയിരിക്കുന്നു..

Thursday, November 17, 2016

കാലം കവിതയെഴുതി ജീവിതമെന്ന കടലാസു പുസ്തകത്തില്‍ അക്ഷരകൂട്ടങ്ങള്‍ കൊണ്ടല്ല അനുഭവ സമ്പത്ത്കൊണ്ട് 
വിധി തൂലികയായി,,
പുസ്തകത്താളുകള്‍ പലതും പഴകി,ചിലത് ചിതലരിച്ചു.എങ്കിലും ഈ തൂലിക ചലിക്കുന്നു.അക്ഷരങ്ങളെ കൂട്ടുപിടിച്ച് ഈ പുസ്തകത്തിന്‍ ഒടുക്കം വരെ.
     
 

Tuesday, November 8, 2016

ചിതലരിച്ചു തുടങ്ങിയ പുസ്തകങ്ങള്‍ ചികഞ്ഞു മാറ്റിയപ്പോള്‍ ഒരു തുണ്ടു കടലാസില്‍ നിന്നു കിട്ടിയതാണ്..,,
'' പൂക്കള്‍ വിടരുന്ന പൊയ്ക
അതിന്റെ തീരവും വഴിയും മരങ്ങളും.ചിത്രശലഭം പറക്കുന്ന വഴികളിലൂടെ കൈ കോര്‍ത്തു നടന്നതും.ആണ്‍ കുയില്‍ പാടുമ്പോള്‍ കൂടെ പാടിയതും പെണ്‍ പേടയ്ക്ക് പാടാനറിയില്ലെന്ന് പറഞ്ഞ് കളിയാക്കിയതും.മരത്തിന്‍ ചോട്ടിലിരിക്കുമ്പോള്‍ മുല്ലപ്പൂ ചൂടിച്ചതും കണ്ണുപൊത്തിയതും വേദനിച്ചു കരഞ്ഞപ്പോള്‍ കണ്ണുനീരു തുടച്ചതും ഒക്കെ ഇന്നും ഒരുപിടി പുഞ്ചിരിയോടെ എന്റെ ഓര്‍മകളെ താലോലിക്കുന്നു..''



Monday, November 7, 2016

ഇടക്കിടെ കുളിര്‍കാറ്റുവീശിയിരുന്നു.ഇടനെഞ്ചിലെ വാതിലില്‍ മുട്ടി അതെന്തോ പറയാന്‍ ശ്രമിക്കുന്നുമുണ്ട്.ഞാന്‍ കാതോര്‍ത്തു,,അവ ആരോ അയച്ച സന്ദേശങ്ങളായിരുന്നു.കണ്ണീരില്‍ ചാലിച്ച രക്തത്തിന്റെ ഗന്ധമുള്ള പ്രണയ സന്ദേശങ്ങള്‍.